Monday, 4 April 2016


നിന്നെ ഓര്‍ക്കാന്‍
ശ്രമിക്കുന്ന
സമയങ്ങളിലത്രയും
കരിന്തേള്‍ കടിച്ച
നീലിമ
എനിക്ക് ഓര്‍മ്മ വരും.

ഉറക്കമുണര്‍ന്നു-
വെളിച്ചത്തിന്റെ
ആരംഭത്തില്‍
തൊലി ഊര്‍ന്നു
വീണു.
നഗ്നനാക്കപ്പെടുന്ന
പോലെ.

പതിവില്ലാത്ത
ചലനങ്ങള്‍-
ചിന്തകളിലും,
പ്രവൃത്തിയിലും വരുന്നത്
പിടി വിട്ട മനസ്സിന്റെ
ബോധക്കേട് എന്ന് ചൊല്ലും.

സംസാരത്തിന്റെ
വേഗം കുറയുന്ന സമയത്താണ്
നിന്നെ പതിവായി ഓര്‍ക്കാറുള്ളത്.
കേള്‍വി നിനക്ക് വേണ്ടി
മാത്രമാവുമ്പോള്‍
ഭാഷ എനിക്ക്
അന്യമാകുന്നതെന്ന്
ആശ്വസിക്കും.

ചിന്തയും ചിന്തനവും
വിട്ടു, വെയിലിലേക്ക്‌
വെളിച്ചത്തിലേക്കെന്നു
ആരെങ്കിലും
വിളിച്ചു പറയുമ്പോള്‍
മാത്രമാണ്
അന്യമാകുന്ന
നിഴലിനെപ്പറ്റി ചിന്തിക്കുക.

ഒഴിഞ്ഞ മൂലയിലെ
ഇരുട്ട്, അപ്പോഴും
എന്നെ നോക്കി ചിരിക്കും.
തെറ്റ് വരാതെ-
ഞാന്‍ വീണ്ടും, ആ വരി
ഉറക്കെ ചൊല്ലും.