Monday, 23 November 2015

ഒരു പരമരഹസ്യം


ചിലന്തി വലയിലെക്കുള്ള
ദൂരം,
ഇരയുടെതെന്ന പോലെ
പ്രയാസകരവും
ദുഷ്കരവുമാണ്
അവസാനത്തില്‍
കുതറിമാരേണ്ട നിമിഷങ്ങളില്‍
എന്തിനെന്നില്ലാത്ത
ദാഹവും
വെപ്രാളവും.
ഇറങ്ങിപ്പോക്ക്
സാധ്യമാകാതെ വരുമ്പോള്‍
ഞാന്‍ എന്നെ തന്നെ
ശപിച്ചു തുടങ്ങും.
ഇരയായി തീര്‍ന്നതിന്‍റെ
ചിന്തകളില്‍ നിന്ന്
മുക്തിയില്ല.
മഴയും വെയിലും
വസന്തവും
തണുപ്പും
എന്നെ
അസ്വസ്ഥമാക്കും.
ഇങ്ങനെ തുടര്‍ന്ന്
പോകുന്ന ചിന്തകളാണ്
മഴവില്ലിനറ്റം കുറിക്കുന്നത്
പിരിഞ്ഞു പോകേണ്ട
പകലുകള്‍,
നിന്ന് നിഴല്‍കൂത്ത്,
നടത്തും.
ഒടുവില്‍, ഒടുവിലായിത്തന്നെ
നില്‍ക്കും.
താളമാവസാനിക്കും
തിരികെ പറക്കാന്‍
ചിറകുകള്‍
മതിയാകാതെ വരും.
മൃതിവാക്കുകള്‍
എന്തിനെന്നില്ലാതെ
മധുരിക്കും.
അവിടെ, നിന്‍റെ
തുടയില്‍ വാര്‍ന്നൊഴുകിയ
ചോര,
എന്‍റെ
ജീവിതത്തിന്‍റെ
റെഡ് സിഗ്നലാകും.
പിറവി മറുതലയ്ക്കല്‍
നിന്നെന്നെ വാരിപ്പുണരും.
ഒരു പരമരഹസ്യം-
കഥയിലെന്ന പോലെ,
കുമ്പസാരം പോലെ
ഞാന്‍
പറഞ്ഞു തീര്‍ക്കും
ഒത്തുതീര്‍പ്പുകളില്ലാതെ
നിന്നില്‍ തന്നെ
ഇരയായി തുടരും
അസ്ഥികള്‍ പൂത്ത്
ഞാന്‍ വീണ്ടും
ഇലഞ്ഞിയാവും.
അന്നും
ഇരയായതിന്‍റെ
ഇരയാക്കിയതിന്‍റെ
കുറിപ്പുകള്‍
അബോധത്തിന്‍റെ
പറച്ചിലാവും.
കേള്‍വിക്കാരില്ലാത്ത
ശബ്ദം പോലെ.

No comments:

Post a Comment