Sunday, 20 December 2015

പ്രണയഗീതം

രാത്രികള്‍, പകലുകള്‍ 
ഉറക്കം, ഉണര്‍വ് 
എല്ലാറ്റിനും വാടിയ 
പ്രണയത്തിന്‍റെ ഗന്ദം.

പഴകിയ സ്വപ്നങ്ങളുടെ 
ചീഞ്ഞ ജമന്തികളുടെ
ചര്‍ദിലിന്‍റെ-
രൂക്ഷഗന്ധം.

ഞാന്‍ പൂക്കാത്ത 
ഇലഞ്ഞി.
ദാഹജലം നല്‍കാത്ത 
പകല്‍ 
നപുംസകവിത്ത്.

വിരല്‍ കൊണ്ട് നിന്‍റെ-
മുരിവുണര്‍ന്നു 
രക്തമിറ്റ രാത്രികളില്‍ 
സ്വപ്നങ്ങളുടെ- 
കറുപ്പ് ഞാന്‍.
അലയടിക്കാത്ത കടല്‍ 
സൂര്യന്‍റെ പകല്‍.
രാത്രിയുടെ ചന്ദ്രന്‍ 
ദിശതെറ്റിയ കല്ല്‌-
നിന്‍റെ പ്രണയം 
ഏറു കൊണ്ട് പൊട്ടി-
യാതെന്‍റെ മുത്തുച്ചിപ്പി. 

വഴി തെറ്റിയ 
യാത്രികന്‍ ഞാന്‍.
വാല് പൊട്ടിയ പട്ടം.
ലക്ഷ്യം തെറ്റിയ- 
തിര.

രക്തത്തില്‍ 
ലഹരി, വിഷം.

നിന്‍റെ മുറിവുണര്‍-
ത്തിയവന്‍റെ 
കുഞ്ഞിനു നീയമ്മ.

ഞാന്‍ 
ഇരുട്ടില പകല്‍ 
കൊഴിഞ്ഞ ഇല,
സന്ദ്യയുടെ 
കരിന്തിരി.
നിന്‍റെ ചെമപ്പില്‍
തൊടാത്ത പൌരുഷം.

പൂര്‍ണ്ണനല്ല ഞാന്‍
ദാഹമിനിയും 
ഉണരേണ്ടതുണ്ട്.
മരിച്ച തുമ്പികളെക്കൊണ്ട് 
ഉണങ്ങിയ 
ചിത്രശലഭചിറകുകള്‍ കൊണ്ട് 
ഓര്‍മകളെ 
അലങ്കരിക്കുകയാണ് ഞാന്‍. 
പറയാന്‍ മറന്ന 
മടിച്ച, വാക്കിനപ്പുറം
ജീവിതമെന്ന 
സ്പടികപാത്രം നിലത്തുടഞ്ഞു
വീണ നിമിഷങ്ങളില്‍ 
നിഴലായി, തണലായി 
നിന്ന ഓര്‍മ്മകള്‍ 
പെറുക്കിയെടുത്തു 
മഴവില്ലിനവസാനം-
എഴുതുന്നു.

മുറിവുകളുണങ്ങി 
വടുക്കളാവുന്നിടത്ത് നിന്ന് 
ജീവിതത്തിനാദ്യം തേടി,
ചുവന്ന സന്ദ്യയില്‍ 
ഒരുമിച്ച നമ്മുടെ നിഴലുകള്‍ 
വേര്പെട്ടതിനെ തേടി.

തോരണങ്ങള്‍ കൊണ്ട് 
അലങ്കരിച്ച 
നിമിഷങ്ങള്‍ക്കവസാനം
തേടി,
നിര നിറയ്ക്കാന്‍ 
അവസാന തുമ്പിയെ 
ഉണങ്ങിയ 
ചിത്രശലഭച്ചിറകുകള്‍ തേടി 
ഓര്‍മകളുടെ ശവപ്പറമ്പിലേക്ക്. 
അവസാനം.

വിളിച്ചുണര്‍ത്തിയ
പകലുകള്‍,
ഉത്തരമില്ലാതെ 
മടങ്ങിയ രാത്രികള്‍,
നിന്‍റെ ഓര്‍മ്മകള്‍ 
ചിത്രശലഭച്ചിറകുകള്‍.
കൊഴിഞ്ഞു വീണ 
വഴികളിലത്രയും 
ഇരുട്ട്,
നിശബ്ദത.

നിറമില്ലാത്ത 
സ്വപ്‌നങ്ങള്‍.
ഭൂഖണ്ഡങ്ങള്‍ 
ഭേദിച്ച്, ഒടുവില്‍-
നിന്‍റെ മാറിലേക്ക്‌.
നിന്‍റെ മുലമൊട്ട്
തന്ന ചവര്‍പ്പെന്‍റെ 
പകലിന്‍റെ സൂര്യന്‍. 

ആര്‍ത്തനാദങ്ങള്‍കൊടുവില്‍,
നിലയില്ലാതെ 
പൊങ്ങിതാണ്,
ചുഴികളില്‍ 
ഗര്‍ത്തങ്ങളില്‍ 
വീണവസാനിക്കുന്നത് 
ജീവിതത്തിന്‍റെ 
പച്ചപ്പ്‌.
  
വാക്ക്

തിരച്ചിലുകളിലെ
ആര്‍ത്തനാദമാണ് മൌനം.
വിടവുകള്‍ക്കിടയിലെ 
ജീവിതം.
എത്തി നോക്കലുകള്‍ക്ക് 
നിശ്ചലമായവയ്ക്ക് 
പറയാന്‍ മറന്നതിന് 
കണ്ടു കേള്‍ക്കാതെ
പോയതിന്
മറുപടിയാണ് മൌനം.

അഭിനയത്തിന്‍റെ 
മൂര്‍ത്ത ഭാവമാണ് 
കണ്ണീരിന്‍റെ ഉപ്പും
ജീവതത്തിന്‍റെ
ജീവനത്തിന്‍റെ
റെഡ് സിഗ്നല്‍.
പലായനത്തിന്‍റെ 
വേദനകള്‍.

പറയാന്‍ 
മടിച്ചതാണ് 
മൌനിയല്ലെന്നു
ഉറക്കെപ്പറഞ്ഞു 
മൌനമായ
കല്ലാണ് ഹൃദയം.
മുള്ളിനറ്റം കൊണ്ട് 
ചോരപൊടിഞ്ഞ
കൃഷ്ണമണികള്‍ 
കാഴ്ച്ച മറയ്ക്കുന്നു.

മിഥ്യ

കൊഴിഞ്ഞ ഇലകള്‍ക്ക് 
മുകളില്‍,
പചിലച്ചാറിന്‍റെ മിഥ്യകള്‍.
മരണത്തിന്‍റെ വിദൂര-
ദൃശ്യങ്ങള്‍ക്കിടയില്‍ 
പലായനത്തിന്‍റെ 
ഗദ്ഗദങ്ങള്‍.
വിരല്‍ മുറിഞ്ഞു 
ഞരമ്പ്‌ പൊട്ടി 
ചോരയോഴുകുമ്പോള്‍
നിലാവില്‍ കറുപ്പ്.
ഓടിമറയുന്ന നിഴലുകള്‍ക്ക് 
സ്വപ്നങ്ങള്‍ക്ക് 
വേട്ടമൃഗത്തിന്‍റെ വേഗം.

ഒളിത്താവളങ്ങളിലേക്ക്.
ഒളിക്കാന്‍ 
ഞാനും ഒരു മിഥ്യ. 
വെളിച്ചം 

മെഴുകുതിരി വെട്ടത്തിന്-
ചുറ്റും ഈയലുകള്‍ 
പറന്നു മടുത്ത്-
അടുത്ത്.
ചിറകുകള്‍ കുഴഞ്ഞു 
തീയില്‍ വെന്തു മരിക്കുന്ന 
രാത്രി.

ഈ അരണ്ട വെളിച്ചത്തില്‍ 
എന്‍റെ ഉള്ളില്‍ 
നേടിയതും, നേടാത്തതും
കാത്തിരിക്കുന്നതുമായി 
മല്ലയുദ്ധം.

ഒടുവില്‍ ഞാന്‍ 
തൊണ്ടവരണ്ട്
അവശനായി 
വെളിച്ചത്തില്‍ വീണു 
മരിക്കും.
ഏകാന്തത

ഒറ്റപ്പെടലിന്‍റെ 
ഘനീഭവിച്ച രക്തം 
എന്‍റെ ഞരമ്പുകളില്‍ 
അലയൊലികള്‍ സൃഷ്ടിക്കുന്നു 

കട്ടപിടിച്ച, തണുത്ത 
മരണം ഉറപ്പ്.

ഒടുവില്‍, ഞാന്‍ 
മരിച്ചു വീഴുമ്പോള്‍ 
എനിക്ക് രുചിക്കാന്‍ 
നിന്‍റെ -
ഒരു തുള്ളി കണ്ണുനീര്‍ 
മാത്രം.