Monday, 4 April 2016


നിന്നെ ഓര്‍ക്കാന്‍
ശ്രമിക്കുന്ന
സമയങ്ങളിലത്രയും
കരിന്തേള്‍ കടിച്ച
നീലിമ
എനിക്ക് ഓര്‍മ്മ വരും.

ഉറക്കമുണര്‍ന്നു-
വെളിച്ചത്തിന്റെ
ആരംഭത്തില്‍
തൊലി ഊര്‍ന്നു
വീണു.
നഗ്നനാക്കപ്പെടുന്ന
പോലെ.

പതിവില്ലാത്ത
ചലനങ്ങള്‍-
ചിന്തകളിലും,
പ്രവൃത്തിയിലും വരുന്നത്
പിടി വിട്ട മനസ്സിന്റെ
ബോധക്കേട് എന്ന് ചൊല്ലും.

സംസാരത്തിന്റെ
വേഗം കുറയുന്ന സമയത്താണ്
നിന്നെ പതിവായി ഓര്‍ക്കാറുള്ളത്.
കേള്‍വി നിനക്ക് വേണ്ടി
മാത്രമാവുമ്പോള്‍
ഭാഷ എനിക്ക്
അന്യമാകുന്നതെന്ന്
ആശ്വസിക്കും.

ചിന്തയും ചിന്തനവും
വിട്ടു, വെയിലിലേക്ക്‌
വെളിച്ചത്തിലേക്കെന്നു
ആരെങ്കിലും
വിളിച്ചു പറയുമ്പോള്‍
മാത്രമാണ്
അന്യമാകുന്ന
നിഴലിനെപ്പറ്റി ചിന്തിക്കുക.

ഒഴിഞ്ഞ മൂലയിലെ
ഇരുട്ട്, അപ്പോഴും
എന്നെ നോക്കി ചിരിക്കും.
തെറ്റ് വരാതെ-
ഞാന്‍ വീണ്ടും, ആ വരി
ഉറക്കെ ചൊല്ലും.

Monday, 28 December 2015

വീട് എന്ന കവിത.

പറയാത്ത വാക്കുകള്‍
എഴുതാത്ത വരികള്‍
ഇവക്കിടയിലാണ്
ജീവിതമെന്ന്
തോന്നിയിടത്താണ്
മൌനം തുടങ്ങിയത്.
പൂര്‍ത്തിയാക്കാത്ത
ക്രമങ്ങളിലെവിടെയോ
ഞാന്‍ ബാക്കിയാവുന്നു
മനസ്സറിയാതെ
പോയതെല്ലാം
വേദനകളിലാണ് അവസാനിച്ചത്‌.
എഴുതി മടുത്ത
ക്രമമാണിത്
മഴ കൊണ്ട് വരച്ച
കവിത.
ഏത്തപ്പെടാത്ത
തുരുത്തിനെ,
തൊട്ടറിയാന്‍ കഴിയാത്ത
വെളിച്ചത്തെ,
കെട്ടിപിടിക്കാന്‍ ശ്രമിച്ച
നിഴലിനെ,
തല ചായ്ക്കാന്‍ ശ്രമിച്ച
സമയത്തിനെ
ഇങ്ങനെ പതിവ് രീതികളില്‍-
തുടരുന്ന ഞാന്‍.
നഗ്നമായ ശരീരമിന്നും
ഇണ തേടാന്‍
അറയ്ക്കുന്നു.
നിന്‍റെ ചുമ്പനം കൊണ്ട്-
പൊള്ളിയ പകലുകള്‍,
ഒരിറ്റു തരാതെ
നടന്നകലുന്നു.
കൂട് തേടിയലഞ്ഞൊടുവില്‍
തെരുവിന്‍റെ ഇരുണ്ട-
മൂലയില്‍,
ഒരു പിടി നിഴലുകള്‍,
ഓര്‍മ്മകള്‍ വലിച്ചെറിയുന്നു.
തിരികെ നടക്കുമ്പോള്‍
ഓടിക്കയറാന്‍
ഒരു വീട്-

എനിക്ക് അന്യമാകുന്നു.   

Friday, 25 December 2015

ബലൂണ്‍.

പൊട്ടുമെന്നറിഞ്ഞു
തന്നെയാണ്, നീ -
ഊതിയപ്പോഴെല്ലാം 
ഞാന്‍ 
വീര്‍ത്തുകൊണ്ടിരുന്നത്.

Thursday, 24 December 2015

തിരികെയാത്ര.

സ്വപ്നങ്ങളുടെ-
അതിര്‍ത്തിയില്‍ വച്ചാണ് 
ആദ്യമായി ചിറകുകള്‍ 
കുഴഞ്ഞത്.
ഇത്രയും നാള്‍
മുന്നിലേക്ക് നോക്കി
കണ്ടതിനെയെല്ലാം 
തല തിരിഞ്ഞു,
പിന്നിലേക്ക് നോക്കി 
കാണാന്‍ പഠിക്കേണ്ടി-
വന്നത്. 

ഇടവഴിയില്‍ 
എവിടെയോ വച്ചാണ് 
വിഷം തീണ്ടിയത് 
നീലിച്ച ശരീരത്തില്‍ 
അവസാന ശ്വാസം 
നിലക്കുന്നതു വരെ 
പറന്നു പൊന്തിയത്
ചിത്രശലഭച്ചിറകിലാണ്.

പിന്നിട്ട വഴികളിലത്രയും 
ചിതറിയ ചോര 
ഒടിഞ്ഞ എല്ലുകള്‍ 
മുറിവുകള്‍, വടുക്കള്‍.
ഇരുണ്ട മുറിയിലൊട്ടിയ
പശിമകള്‍. 
വറ്റിച്ച പാനപാത്രങ്ങള്‍.
ചിറകു കരിഞ്ഞു 
മണ്ണിലേക്ക് തിരികെ 
വീഴുമ്പോള്‍ 
ഓര്‍മ്മികാന്‍, സൂക്ഷിക്കാന്‍ 
ഇത്ര മാത്രം. 

ശില-
ശിലയായി തുടരട്ടെ.
കാലം
ഗതിയില്ലാത്ത ഒഴുക്കില്‍ 
ഏര്‍പ്പെടട്ടെ.

വാര്‍ദ്ധക്യം-
ബാധിച്ച ചിന്തകള്‍ 
സ്വപ്നങ്ങളെ 
ചിതലെടുപ്പിക്കുന്നു.
ഞാന്‍ ഏകാന്തവൃദ്ധന്‍.
ഓര്‍മ്മയുണ്ട് 
മണങ്ങളൊന്നും
മറന്നു പോകരുതെന്ന്.

Sunday, 20 December 2015

കാഴ്ച്ച

സംസാരിക്കാത്ത പകലുകള്‍,
ജനലിനപ്പുറം
വെളിച്ചമുണ്ട്
കിനാവുകളും ദുഖവുമുണ്ട്.
കെട്ട്കഥകളും ഫിക്ഷനുമുണ്ട്.
പറച്ചിലുണ്ട്.
കാഴ്ചയില്‍ വെളിച്ചമുണ്ട്.
ഒച്ചയില്‍ നിശബ്ധതയുണ്ട്.
മിണ്ടാതെ, പറയാതെ
അക്ഷരങ്ങള്‍ പെറുക്കി
വെളുക്കുന്നതും
കറുക്കുന്നതും
ജനലിലൂടെ നോക്കി കാണുന്നു.

സ്വപ്‌നങ്ങള്‍-
കാക്കകള്‍ കരയുന്ന പോലെ
ചെവി നിറഞ്ഞു.
തെളിച്ചമില്ലാതെ.

പ്രതീക്ഷകള്‍
തെക്കന്‍ കാറ്റിലൂടെ
ജനല്‍ വഴി ഉള്ളില്‍ കയറുന്നു.
ചുറ്റിക്കറങ്ങി നാല്
ഭിത്തികള്‍ക്കുള്ളില്‍
കറങ്ങിതിരിയുന്നു.
തലയ്ക്കു മുകളില്‍
ഫാന്‍ മുരള്‍ച്ചയോടെ കരയുന്നു.
രാത്രിയിരുട്ടില്‍
വേദനകളുടെ ഭാണ്ടമിറക്കുന്നു
കരച്ചില്‍ ഒഴുകിത്തീരുന്നു.
കത്തി തീരുന്ന മെഴുകുതിരി
പുറം തണുപ്പില്‍ നിന്ന്
ചൂടേകുന്നു.
ഇങ്ങനെ പറച്ചിലുകള്‍
അവസാനിക്കുന്ന നിമിഷം
പകല്‍.
വീണ്ടും ജനല്‍ തുറക്കപ്പെടുന്നു
കരച്ചില്‍ കവിതയാവുന്നു.


കാല്പനികത.
എന്‍റെ ശവപെട്ടിയില്‍
ഒരു റോസാപ്പൂവുണ്ടാവണം.
എന്‍റെ നെഞ്ചിനു-
മുകളില്‍.
ഒരു ചെമന്ന ചിത്രം.
അല്ലെങ്കില്‍
വേണ്ട.
എന്‍റെ ശവപ്പെട്ടിയില്‍
ഒരു കണ്ണാടിയുണ്ടാവണം.
എന്‍റെ മുഖത്തിന്‌
നേരെയായി.
ഒരു വെളുത്ത കണ്ണാടി.
ഇതും വേണ്ട.
എന്‍റെ ശവപ്പെട്ടി
ചില്ലുകൊണ്ടുണ്ടാക്കിയതാവണം
ഞാനെവിടെയെന്നു
എനിക്ക് തിരിച്ചറിയാനായി.
ഇതിനുമപ്പുറം.
എന്‍റെ ശവപ്പെട്ടിയില്‍
ഒരു നീല വെളിച്ചമുണ്ടാവണം
അല്ലെങ്കില്‍ പച്ച
ഇരുട്ടിനെ മറക്കാന്‍
ഇവയാണ് നല്ലത്.
ഇനി മരണം.
ശ്വാസം കിട്ടാതെ
വണ്ടിയിടിച്ചു
വിഷം കഴിച്ചു
ഒരുറക്കത്തില്‍
എങ്ങിനായാലും
എന്‍റെ ശരീരം
ദഹിപ്പിക്കേണ്ടെന്നു മാത്രം.
അഗ്നി ശുദ്ധി
നടത്താന്‍ മാത്രം
പാപിയല്ല ഞാന്‍.
മൃതിയിലും നിന്നെ
ഭോഗിക്കാന്‍
കഴിയാത്ത ഈ ശരീരം
ഇങ്ങനെ തുടരട്ടെ.
മറവു ചെയ്യുമ്പോള്‍
ഈ ശരീരം നിനക്കായി
കാത്തുവയ്ക്കാന്‍
ഞാന്‍ ആവശ്യപ്പെടും.
മരണം ഇങ്ങനെ
റൊമാന്റിക്‌ സ്വപ്‌നങ്ങള്‍
മാത്രമാണ്.
വറുതിയില്ലാത്ത
ദിനങ്ങളുടെ ഓര്‍മയല്ല
മരണമെനിക്ക്.
ഇനി മരിക്കണമിനി-
വേഗം.


യുദ്ധം.
ഒടുവില്‍ യുദ്ധമവസാനിക്കുന്നു.
ആദിമധ്യാന്തമില്ലാതെ
തുറന്നു പറച്ചിലുകള്‍
ആവശ്യപ്പെടാതെ, ചില-
മൌനങ്ങളില്‍, നിശബ്ദതയില്‍
യുദ്ധമവസാനിക്കുന്നു.
 ഒട്ടകം സൂചിക്കുഴലിലൂടെയെന്ന
പോലെ, ചില പ്രതീക്ഷകള്‍-
എത്തിപ്പെടാത്ത ദൂരങ്ങളില്‍ നിന്ന്,
വെളിച്ചമെന്ന പ്രതീക്ഷയില്‍.
യുദ്ധം ഒരു മൌനത്തില്‍
അവസാനിക്കുന്നു.
സൂര്യന്‍ കത്തുമെന്നു
ആരോ പറഞ്ഞിരുന്നു.
ഘടികാരങ്ങളുടെ സമയം
നിലയ്ക്കുമെന്നും
പക്ഷെ ഇത് രണ്ടും-
ഈ യുദ്ധത്തിനിടക്ക്
ഉണ്ടായില്ല.
ഇന്നലെ, ഒരു ട്രക്കില്‍-
സഞ്ചരിച്ച പടയാളികള്‍
വിഷം ശ്വസിച്ചു, ചോര ചര്ദിച്ചു
മരിച്ചു.
യുദ്ധം മരണമാണ്.
മരണമില്ലാതെന്ത് യുദ്ധം.
അവസാന വെടിയൊച്ച
കേട്ടത് ഇന്നലെ രാവിലെ
എന്‍റെ ട്രെഞ്ചിനു
പത്തു വാരം അകലെയാണ്.
സമാധാനത്തിന്‍റെ വെളിച്ചം
എന്നിട്ടുമുണ്ടായില്ല.
സ്റ്റേ അലേര്‍ട്ട്!!
ശാസനം തന്നിട്ടാണ്
മേജര്‍ നടന്നു നീങ്ങിയത്.
യുദ്ധങ്ങള്‍ അവസാനിക്കാത്തത്
വീണ്ടും ആവര്‍ത്തിക്കുന്നത്
എന്തിനെന്നറിയില്ല.
എന്‍റെ കൂരക്കുള്ളില്‍
നാല് ജീവിതങ്ങള്‍
യുദ്ധമെന്ന പ്രതീക്ഷയില്‍
ജീവിക്കുന്നു.
യുധമാവസാനിക്കാത്തത്
ഇത് കൊണ്ടാവണം.
ഇപ്പോള്‍, ഞാന്‍ സംസാരിക്കുന്നത്
ആര്‍ക്കു വേണ്ടിയെന്നറിയില്ല
പത്തു വാരമകലെ കിടക്കുന്ന
ശരീരങ്ങള്‍ ജീര്‍ണിച്ചു
തുടങ്ങിയിട്ടുണ്ട്.
ശത്രുവിന്‍റെ ആയതുകൊണ്ടാവണം
ആരും തിരിഞ്ഞു നോക്കാതിരുന്നത്.
ചില മര്യാദകള്‍-
ലംഘിക്കപ്പെടുന്നത് ഇങ്ങനാണ്.
ഇനി മടക്കമാണ്.
ഒരു വിളിയകലെ, വീണ്ടും
യുദ്ധമുണ്ട്, എന്ന പ്രതീക്ഷയില്‍.
നിശബ്ദമാണ്

ഹൃദയമിടിപ്പൊഴിച്ചാല്‍.