യുദ്ധം.
ഒടുവില്‍ യുദ്ധമവസാനിക്കുന്നു.
ആദിമധ്യാന്തമില്ലാതെ
തുറന്നു പറച്ചിലുകള്‍
ആവശ്യപ്പെടാതെ, ചില-
മൌനങ്ങളില്‍, നിശബ്ദതയില്‍
യുദ്ധമവസാനിക്കുന്നു.
ഒട്ടകം
സൂചിക്കുഴലിലൂടെയെന്ന
പോലെ, ചില പ്രതീക്ഷകള്‍-
എത്തിപ്പെടാത്ത ദൂരങ്ങളില്‍ നിന്ന്,
വെളിച്ചമെന്ന പ്രതീക്ഷയില്‍.
യുദ്ധം ഒരു മൌനത്തില്‍
അവസാനിക്കുന്നു.
സൂര്യന്‍ കത്തുമെന്നു
ആരോ പറഞ്ഞിരുന്നു.
ഘടികാരങ്ങളുടെ സമയം
നിലയ്ക്കുമെന്നും
പക്ഷെ ഇത് രണ്ടും-
ഈ യുദ്ധത്തിനിടക്ക്
ഉണ്ടായില്ല.
ഇന്നലെ, ഒരു ട്രക്കില്‍-
സഞ്ചരിച്ച പടയാളികള്‍
വിഷം ശ്വസിച്ചു, ചോര ചര്ദിച്ചു
മരിച്ചു.
യുദ്ധം മരണമാണ്.
മരണമില്ലാതെന്ത് യുദ്ധം.
അവസാന വെടിയൊച്ച
കേട്ടത് ഇന്നലെ രാവിലെ
എന്‍റെ ട്രെഞ്ചിനു
പത്തു വാരം അകലെയാണ്.
സമാധാനത്തിന്‍റെ വെളിച്ചം
എന്നിട്ടുമുണ്ടായില്ല.
സ്റ്റേ അലേര്‍ട്ട്!!
ശാസനം തന്നിട്ടാണ്
മേജര്‍ നടന്നു നീങ്ങിയത്.
യുദ്ധങ്ങള്‍ അവസാനിക്കാത്തത്
വീണ്ടും ആവര്‍ത്തിക്കുന്നത്
എന്തിനെന്നറിയില്ല.
എന്‍റെ കൂരക്കുള്ളില്‍
നാല് ജീവിതങ്ങള്‍
യുദ്ധമെന്ന പ്രതീക്ഷയില്‍
ജീവിക്കുന്നു.
യുധമാവസാനിക്കാത്തത്
ഇത് കൊണ്ടാവണം.
ഇപ്പോള്‍, ഞാന്‍ സംസാരിക്കുന്നത്
ആര്‍ക്കു വേണ്ടിയെന്നറിയില്ല
പത്തു വാരമകലെ കിടക്കുന്ന
ശരീരങ്ങള്‍ ജീര്‍ണിച്ചു
തുടങ്ങിയിട്ടുണ്ട്.
ശത്രുവിന്‍റെ ആയതുകൊണ്ടാവണം
ആരും തിരിഞ്ഞു നോക്കാതിരുന്നത്.
ചില മര്യാദകള്‍-
ലംഘിക്കപ്പെടുന്നത് ഇങ്ങനാണ്.
ഇനി മടക്കമാണ്.
ഒരു വിളിയകലെ, വീണ്ടും
യുദ്ധമുണ്ട്, എന്ന പ്രതീക്ഷയില്‍.
നിശബ്ദമാണ്
ഹൃദയമിടിപ്പൊഴിച്ചാല്‍.
No comments:
Post a Comment