Sunday, 20 December 2015

എഴുത്ത്.
എല്ലാറ്റിനുമൊരുത്തരം
ഉണ്ടായിരുന്ന കാലം കഴിഞ്ഞു.
മൌനത്തിന്‍റെ വസന്തമാണിത്
കാറ്റിന്‍റെ ഗതിയറിഞ്ഞു
വഞ്ചി തുഴഞ്ഞ മനസ്സ്
തോറ്റതെന്തെന്നറിയില്ല.
വിട പറഞ്ഞ പക്ഷികള്‍ക്കിന്നു
ദേശാടനത്തിന്‍റെ തുടക്കം.
ഉത്തരമില്ലാത്ത
മനസ്സാണിതെഴുതുന്നത്.
അക്ഷരതട്ടുകളിലെല്ലാം
അര്‍ത്ഥങ്ങള്‍ തിരഞ്ഞു-
മടുത്തു, ഒടുവില്‍
മരിച്ചു വീഴുന്ന പുലരികളോട്
പറയേണ്ടതെന്തെന്നറിയില്ല.
ഓര്‍മ്മകള്‍ പെറുക്കി വച്ച്
കൂടുണ്ടാക്കുന്നതില്‍ തോറ്റ്-
പോയവന്‍ ഞാന്‍ മാത്രമാണ്.
നഷ്ടപെട്ടതിനെ ഓര്‍ത്ത്
കരയുന്ന ബാല്യത്തിന്‍റെ
നിഷ്കളങ്കത എന്നേയെനിക്ക്-
നഷ്ടപെട്ടിരിക്കുന്നു.
ഞാന്‍ കണ്ട തുമ്പയുടെ
വിശുദ്ധി, മരീചിക മാത്രമായിരുന്നു.
ഇന്നിനി, എന്നുമിനി
ഓര്‍മ്മകള്‍ എഴുതി മടുത്തു-
മടുക്കും.
ദൈവം കടം വാങ്ങിയ
നക്ഷത്രങ്ങളിതു വരെ
തിരികെ തന്നിട്ടുമില്ല.


No comments:

Post a Comment