Thursday, 24 December 2015

തിരികെയാത്ര.

സ്വപ്നങ്ങളുടെ-
അതിര്‍ത്തിയില്‍ വച്ചാണ് 
ആദ്യമായി ചിറകുകള്‍ 
കുഴഞ്ഞത്.
ഇത്രയും നാള്‍
മുന്നിലേക്ക് നോക്കി
കണ്ടതിനെയെല്ലാം 
തല തിരിഞ്ഞു,
പിന്നിലേക്ക് നോക്കി 
കാണാന്‍ പഠിക്കേണ്ടി-
വന്നത്. 

ഇടവഴിയില്‍ 
എവിടെയോ വച്ചാണ് 
വിഷം തീണ്ടിയത് 
നീലിച്ച ശരീരത്തില്‍ 
അവസാന ശ്വാസം 
നിലക്കുന്നതു വരെ 
പറന്നു പൊന്തിയത്
ചിത്രശലഭച്ചിറകിലാണ്.

പിന്നിട്ട വഴികളിലത്രയും 
ചിതറിയ ചോര 
ഒടിഞ്ഞ എല്ലുകള്‍ 
മുറിവുകള്‍, വടുക്കള്‍.
ഇരുണ്ട മുറിയിലൊട്ടിയ
പശിമകള്‍. 
വറ്റിച്ച പാനപാത്രങ്ങള്‍.
ചിറകു കരിഞ്ഞു 
മണ്ണിലേക്ക് തിരികെ 
വീഴുമ്പോള്‍ 
ഓര്‍മ്മികാന്‍, സൂക്ഷിക്കാന്‍ 
ഇത്ര മാത്രം. 

ശില-
ശിലയായി തുടരട്ടെ.
കാലം
ഗതിയില്ലാത്ത ഒഴുക്കില്‍ 
ഏര്‍പ്പെടട്ടെ.

വാര്‍ദ്ധക്യം-
ബാധിച്ച ചിന്തകള്‍ 
സ്വപ്നങ്ങളെ 
ചിതലെടുപ്പിക്കുന്നു.
ഞാന്‍ ഏകാന്തവൃദ്ധന്‍.
ഓര്‍മ്മയുണ്ട് 
മണങ്ങളൊന്നും
മറന്നു പോകരുതെന്ന്.

No comments:

Post a Comment