Sunday, 20 December 2015

ഒരു തുമ്പപ്പൂ ഉണ്ട്.

ഒരു തുമ്പപ്പൂ ഉണ്ട്
ഹൃദയത്തില്‍.
ആരും തലയില്‍ 
ചൂടാതിരുന്നത്
വിശുദധമായത്.
നൂറ്റൊന്നു പൂര്‍ണചന്ദ്രന്മാര്‍ 
നിലാവില്‍ താരാട്ടിയുറക്കി 
പകല്‍ വെളിച്ചത്തില്‍ 
അരയാലുകള്‍ തണലേകി 
വളര്‍ത്തിയത്‌.

ഒരു തുമ്പപ്പൂ ഉണ്ട് 
എന്‍റെ ദിനങ്ങളില്‍
വിശുദ്ധമായത്.
വെള്ളം നനച്ച്
വാടാതെ, കരിയാതെ 
ഞാന്‍-
കാത്തു സൂക്ഷിച്ചത്.
നഖക്ഷതമേല്‍ക്കാത്തത്.
ഓര്‍മ്മകള്‍,
സ്വപ്‌നങ്ങള്‍, വാക്കുകള്‍ 
ഇവയൊന്നും 
സ്ഖലിക്കാതെ 
ഞാന്‍ സ്വപ്നങ്ങളില്‍ 
വളര്‍ത്തിയത്‌.

ഒരു തുമ്പപ്പൂ ഉണ്ട് 
എന്‍റെ അരികില്‍ 
വിശുദ്ധമായത് 
സ്നേഹത്തിനായി-
കൊതിച്ചത് 
ആരെങ്കിലുമെടുത്ത്-
താലോലിക്കാന്‍,
തലയില്‍ ചൂടാന്‍
കൊതിച്ചത്.

ഒരു തുമ്പപ്പൂ ഉണ്ട്
ഹൃദയത്തില്‍ 
എന്‍റെ ദിനങ്ങളില്‍
എന്‍റെ അരികില്‍ 
വിശുദ്ധമായത്.
കാത്തുസൂക്ഷിച്ചത്
സ്നേഹത്തിനായി 
കൊതിച്ചത് 
പക്ഷെ,
മൌനിയായത്.

No comments:

Post a Comment