Thursday, 24 December 2015

തിരികെയാത്ര.

സ്വപ്നങ്ങളുടെ-
അതിര്‍ത്തിയില്‍ വച്ചാണ് 
ആദ്യമായി ചിറകുകള്‍ 
കുഴഞ്ഞത്.
ഇത്രയും നാള്‍
മുന്നിലേക്ക് നോക്കി
കണ്ടതിനെയെല്ലാം 
തല തിരിഞ്ഞു,
പിന്നിലേക്ക് നോക്കി 
കാണാന്‍ പഠിക്കേണ്ടി-
വന്നത്. 

ഇടവഴിയില്‍ 
എവിടെയോ വച്ചാണ് 
വിഷം തീണ്ടിയത് 
നീലിച്ച ശരീരത്തില്‍ 
അവസാന ശ്വാസം 
നിലക്കുന്നതു വരെ 
പറന്നു പൊന്തിയത്
ചിത്രശലഭച്ചിറകിലാണ്.

പിന്നിട്ട വഴികളിലത്രയും 
ചിതറിയ ചോര 
ഒടിഞ്ഞ എല്ലുകള്‍ 
മുറിവുകള്‍, വടുക്കള്‍.
ഇരുണ്ട മുറിയിലൊട്ടിയ
പശിമകള്‍. 
വറ്റിച്ച പാനപാത്രങ്ങള്‍.
ചിറകു കരിഞ്ഞു 
മണ്ണിലേക്ക് തിരികെ 
വീഴുമ്പോള്‍ 
ഓര്‍മ്മികാന്‍, സൂക്ഷിക്കാന്‍ 
ഇത്ര മാത്രം. 

ശില-
ശിലയായി തുടരട്ടെ.
കാലം
ഗതിയില്ലാത്ത ഒഴുക്കില്‍ 
ഏര്‍പ്പെടട്ടെ.

വാര്‍ദ്ധക്യം-
ബാധിച്ച ചിന്തകള്‍ 
സ്വപ്നങ്ങളെ 
ചിതലെടുപ്പിക്കുന്നു.
ഞാന്‍ ഏകാന്തവൃദ്ധന്‍.
ഓര്‍മ്മയുണ്ട് 
മണങ്ങളൊന്നും
മറന്നു പോകരുതെന്ന്.

Sunday, 20 December 2015

കാഴ്ച്ച

സംസാരിക്കാത്ത പകലുകള്‍,
ജനലിനപ്പുറം
വെളിച്ചമുണ്ട്
കിനാവുകളും ദുഖവുമുണ്ട്.
കെട്ട്കഥകളും ഫിക്ഷനുമുണ്ട്.
പറച്ചിലുണ്ട്.
കാഴ്ചയില്‍ വെളിച്ചമുണ്ട്.
ഒച്ചയില്‍ നിശബ്ധതയുണ്ട്.
മിണ്ടാതെ, പറയാതെ
അക്ഷരങ്ങള്‍ പെറുക്കി
വെളുക്കുന്നതും
കറുക്കുന്നതും
ജനലിലൂടെ നോക്കി കാണുന്നു.

സ്വപ്‌നങ്ങള്‍-
കാക്കകള്‍ കരയുന്ന പോലെ
ചെവി നിറഞ്ഞു.
തെളിച്ചമില്ലാതെ.

പ്രതീക്ഷകള്‍
തെക്കന്‍ കാറ്റിലൂടെ
ജനല്‍ വഴി ഉള്ളില്‍ കയറുന്നു.
ചുറ്റിക്കറങ്ങി നാല്
ഭിത്തികള്‍ക്കുള്ളില്‍
കറങ്ങിതിരിയുന്നു.
തലയ്ക്കു മുകളില്‍
ഫാന്‍ മുരള്‍ച്ചയോടെ കരയുന്നു.
രാത്രിയിരുട്ടില്‍
വേദനകളുടെ ഭാണ്ടമിറക്കുന്നു
കരച്ചില്‍ ഒഴുകിത്തീരുന്നു.
കത്തി തീരുന്ന മെഴുകുതിരി
പുറം തണുപ്പില്‍ നിന്ന്
ചൂടേകുന്നു.
ഇങ്ങനെ പറച്ചിലുകള്‍
അവസാനിക്കുന്ന നിമിഷം
പകല്‍.
വീണ്ടും ജനല്‍ തുറക്കപ്പെടുന്നു
കരച്ചില്‍ കവിതയാവുന്നു.


കാല്പനികത.
എന്‍റെ ശവപെട്ടിയില്‍
ഒരു റോസാപ്പൂവുണ്ടാവണം.
എന്‍റെ നെഞ്ചിനു-
മുകളില്‍.
ഒരു ചെമന്ന ചിത്രം.
അല്ലെങ്കില്‍
വേണ്ട.
എന്‍റെ ശവപ്പെട്ടിയില്‍
ഒരു കണ്ണാടിയുണ്ടാവണം.
എന്‍റെ മുഖത്തിന്‌
നേരെയായി.
ഒരു വെളുത്ത കണ്ണാടി.
ഇതും വേണ്ട.
എന്‍റെ ശവപ്പെട്ടി
ചില്ലുകൊണ്ടുണ്ടാക്കിയതാവണം
ഞാനെവിടെയെന്നു
എനിക്ക് തിരിച്ചറിയാനായി.
ഇതിനുമപ്പുറം.
എന്‍റെ ശവപ്പെട്ടിയില്‍
ഒരു നീല വെളിച്ചമുണ്ടാവണം
അല്ലെങ്കില്‍ പച്ച
ഇരുട്ടിനെ മറക്കാന്‍
ഇവയാണ് നല്ലത്.
ഇനി മരണം.
ശ്വാസം കിട്ടാതെ
വണ്ടിയിടിച്ചു
വിഷം കഴിച്ചു
ഒരുറക്കത്തില്‍
എങ്ങിനായാലും
എന്‍റെ ശരീരം
ദഹിപ്പിക്കേണ്ടെന്നു മാത്രം.
അഗ്നി ശുദ്ധി
നടത്താന്‍ മാത്രം
പാപിയല്ല ഞാന്‍.
മൃതിയിലും നിന്നെ
ഭോഗിക്കാന്‍
കഴിയാത്ത ഈ ശരീരം
ഇങ്ങനെ തുടരട്ടെ.
മറവു ചെയ്യുമ്പോള്‍
ഈ ശരീരം നിനക്കായി
കാത്തുവയ്ക്കാന്‍
ഞാന്‍ ആവശ്യപ്പെടും.
മരണം ഇങ്ങനെ
റൊമാന്റിക്‌ സ്വപ്‌നങ്ങള്‍
മാത്രമാണ്.
വറുതിയില്ലാത്ത
ദിനങ്ങളുടെ ഓര്‍മയല്ല
മരണമെനിക്ക്.
ഇനി മരിക്കണമിനി-
വേഗം.


യുദ്ധം.
ഒടുവില്‍ യുദ്ധമവസാനിക്കുന്നു.
ആദിമധ്യാന്തമില്ലാതെ
തുറന്നു പറച്ചിലുകള്‍
ആവശ്യപ്പെടാതെ, ചില-
മൌനങ്ങളില്‍, നിശബ്ദതയില്‍
യുദ്ധമവസാനിക്കുന്നു.
 ഒട്ടകം സൂചിക്കുഴലിലൂടെയെന്ന
പോലെ, ചില പ്രതീക്ഷകള്‍-
എത്തിപ്പെടാത്ത ദൂരങ്ങളില്‍ നിന്ന്,
വെളിച്ചമെന്ന പ്രതീക്ഷയില്‍.
യുദ്ധം ഒരു മൌനത്തില്‍
അവസാനിക്കുന്നു.
സൂര്യന്‍ കത്തുമെന്നു
ആരോ പറഞ്ഞിരുന്നു.
ഘടികാരങ്ങളുടെ സമയം
നിലയ്ക്കുമെന്നും
പക്ഷെ ഇത് രണ്ടും-
ഈ യുദ്ധത്തിനിടക്ക്
ഉണ്ടായില്ല.
ഇന്നലെ, ഒരു ട്രക്കില്‍-
സഞ്ചരിച്ച പടയാളികള്‍
വിഷം ശ്വസിച്ചു, ചോര ചര്ദിച്ചു
മരിച്ചു.
യുദ്ധം മരണമാണ്.
മരണമില്ലാതെന്ത് യുദ്ധം.
അവസാന വെടിയൊച്ച
കേട്ടത് ഇന്നലെ രാവിലെ
എന്‍റെ ട്രെഞ്ചിനു
പത്തു വാരം അകലെയാണ്.
സമാധാനത്തിന്‍റെ വെളിച്ചം
എന്നിട്ടുമുണ്ടായില്ല.
സ്റ്റേ അലേര്‍ട്ട്!!
ശാസനം തന്നിട്ടാണ്
മേജര്‍ നടന്നു നീങ്ങിയത്.
യുദ്ധങ്ങള്‍ അവസാനിക്കാത്തത്
വീണ്ടും ആവര്‍ത്തിക്കുന്നത്
എന്തിനെന്നറിയില്ല.
എന്‍റെ കൂരക്കുള്ളില്‍
നാല് ജീവിതങ്ങള്‍
യുദ്ധമെന്ന പ്രതീക്ഷയില്‍
ജീവിക്കുന്നു.
യുധമാവസാനിക്കാത്തത്
ഇത് കൊണ്ടാവണം.
ഇപ്പോള്‍, ഞാന്‍ സംസാരിക്കുന്നത്
ആര്‍ക്കു വേണ്ടിയെന്നറിയില്ല
പത്തു വാരമകലെ കിടക്കുന്ന
ശരീരങ്ങള്‍ ജീര്‍ണിച്ചു
തുടങ്ങിയിട്ടുണ്ട്.
ശത്രുവിന്‍റെ ആയതുകൊണ്ടാവണം
ആരും തിരിഞ്ഞു നോക്കാതിരുന്നത്.
ചില മര്യാദകള്‍-
ലംഘിക്കപ്പെടുന്നത് ഇങ്ങനാണ്.
ഇനി മടക്കമാണ്.
ഒരു വിളിയകലെ, വീണ്ടും
യുദ്ധമുണ്ട്, എന്ന പ്രതീക്ഷയില്‍.
നിശബ്ദമാണ്

ഹൃദയമിടിപ്പൊഴിച്ചാല്‍.
എഴുത്ത്.
എല്ലാറ്റിനുമൊരുത്തരം
ഉണ്ടായിരുന്ന കാലം കഴിഞ്ഞു.
മൌനത്തിന്‍റെ വസന്തമാണിത്
കാറ്റിന്‍റെ ഗതിയറിഞ്ഞു
വഞ്ചി തുഴഞ്ഞ മനസ്സ്
തോറ്റതെന്തെന്നറിയില്ല.
വിട പറഞ്ഞ പക്ഷികള്‍ക്കിന്നു
ദേശാടനത്തിന്‍റെ തുടക്കം.
ഉത്തരമില്ലാത്ത
മനസ്സാണിതെഴുതുന്നത്.
അക്ഷരതട്ടുകളിലെല്ലാം
അര്‍ത്ഥങ്ങള്‍ തിരഞ്ഞു-
മടുത്തു, ഒടുവില്‍
മരിച്ചു വീഴുന്ന പുലരികളോട്
പറയേണ്ടതെന്തെന്നറിയില്ല.
ഓര്‍മ്മകള്‍ പെറുക്കി വച്ച്
കൂടുണ്ടാക്കുന്നതില്‍ തോറ്റ്-
പോയവന്‍ ഞാന്‍ മാത്രമാണ്.
നഷ്ടപെട്ടതിനെ ഓര്‍ത്ത്
കരയുന്ന ബാല്യത്തിന്‍റെ
നിഷ്കളങ്കത എന്നേയെനിക്ക്-
നഷ്ടപെട്ടിരിക്കുന്നു.
ഞാന്‍ കണ്ട തുമ്പയുടെ
വിശുദ്ധി, മരീചിക മാത്രമായിരുന്നു.
ഇന്നിനി, എന്നുമിനി
ഓര്‍മ്മകള്‍ എഴുതി മടുത്തു-
മടുക്കും.
ദൈവം കടം വാങ്ങിയ
നക്ഷത്രങ്ങളിതു വരെ
തിരികെ തന്നിട്ടുമില്ല.



ഭൂമി.
ഓര്‍മകളുടെ
അച്ചുതണ്ട്
കറങ്ങുന്നതെങ്ങിനെ?

ചോദിയ്ക്കാന്‍
പറ്റിയ സമയമാണ്
ചുട്ടു പൊള്ളുകയാണ്.

കാലത്തിന്‍റെ
അച്ചുതണ്ട്
കരങ്ങുന്നതെങ്ങിനെ?

തൊണ്ടവരണ്ട്
തുടങ്ങുന്നു
ഒരിറ്റു
ജലം തരൂ.

ജീവിതത്തിന്‍റെ
അച്ചുതണ്ട്
കറങ്ങുന്നതെങ്ങിനെ?

ശമ്പളം കൂട്ടിയിട്ടില്ല
ദാരിദ്ര്യത്തിലേക്കാണ്
കൂപ്പ്കുത്തുന്നത്.

ഭൂമിയുടെ
അച്ചുതണ്ട്
കരങ്ങുന്നതെങ്ങിനെ?

അതെന്താണ്
സാധനം?

അതങ്ങിനൊരു
സാധനം.
ഭൂമിയുടെ അച്ചുതണ്ട്

കറങ്ങുന്നതിങ്ങനാണ്.
പ്രണയപര്‍വ്വം
നിശ്വാസം പോലുമില്ലാതെ
മിണ്ടാതിരുന്നതാണ്.
എങ്ങിനെയെത്തി-
എന്ന് ഞാന്‍ ചോദിച്ചില്ല.
മഴ നനഞ്ഞു
വന്നെന്നുത്തരം.
ചിരിയുണ്ടായില്ല.
ചിരിച്ചു കാണിച്ചുമില്ല.
പരിഭ്രമം കണ്ണിലുണ്ടായിരുന്നു.
മിണ്ടാതിരിക്കാന്‍
കണ്ണുകൊണ്ട് ആവശ്യപ്പെട്ടു.
അടുക്കലമൂലയില്‍
വിരിച്ചിട്ട പായിലേക്ക്
വിരല്‍ ചൂണ്ടിച്ചിരിച്ചു.
മൂന്ന് വര്‍ഷം നീണ്ട
സ്നേഹദാമ്പത്യം,
ഒടുവില്‍ ജാരന്
അടുക്കള വാതില്‍
തുറന്നു.