Sunday, 20 December 2015

സമസ്യ

അവസാനത്തെ-
അത്താഴമാണിത്.

ഒറ്റത്തോട്ടയില്‍ 
മരിച്ച
നിഴലുണ്ടെനിക്ക്.

പ്രതിബിംബം നോക്കി
ഭയപ്പെട്ടവനും
ഞാന്‍ തന്നെ.

തിരികെ മറിച്ച
താളുകളിലത്രയും
ചുളിവുകള്‍ കാണാതെ
അത്ഭുതപ്പെട്ടവന്‍.

മഷിത്തണ്ട്
മായ്ച്ചതു
അക്ഷരങ്ങള്‍ മാത്രമാണ്
ബോധമല്ല.

എനിക്ക് വേണ്ടി-
ഒരു വിളക്കിനുചുറ്റും
കാത്തു നിന്നവര്‍
ഏറെയാണ്‌.

മറവിയുടെ
ആരംഭമിവിടെ.

വെരറുക്കപ്പെടാതെ
നിന്നത്-
പ്രതീക്ഷയുടെ
പകലിലാണ്.

ഉത്തരമില്ലാതെ
സമസ്യകള്‍ പൂരിപ്പിക്കപ്പെടാതെ
കിടക്കുന്നു.

നിശബ്ധമായത്-
വേട്ടമൃഗത്തിന്‍റെ കിതപ്പല്ല,
ബോധമാണ്.

തിരിഞ്ഞു-
നോട്ടങ്ങള്‍ മതിയാകാതെ
വരുമ്പോള്‍,
നിശബ്ധമാകുന്ന
ചിന്തകള്‍ക്കിത്
ഒടുവിലത്തെ അത്താഴം.

വാരിത്തരേണ്ട
കൈകള്‍-
പിന്‍വലിയുന്നു.
പിന്‍കഴുത്തില്‍

വെടിതറയ്ക്കുന്നു.
കടല്‍ 

പ്രളയക്കെടുതികല്‍ക്കവസാനം 
വരള്‍ച്ചയാണ്.
നനവിനവസാനത്തെ 
കരിവ്.
മരുഭൂമികളിലെ മരുപ്പച്ചകള്‍ 
അവസാനിക്കുന്ന 
ദിനങ്ങള്‍.

നിന്‍റെ സ്വപ്നങ്ങള്‍ക്കിന്നു-
ബലിദിനം.
അറുക്കപ്പെടുന്ന ഞരമ്പുകളില്‍ 
നിന്നിറ്റു വീഴുന്ന 
ഉയിര്‍വായു 
പ്രളയത്തിന്‍റെ 
തുടക്കമാണ്.

നാഗരികതയെ തകര്‍ത്ത 
പ്രളയമാണ് നീ.
നിന്‍റെ അവസാനം 
കലങ്ങിമറിഞ്ഞ കടലാണ്. 
നിന്നെ സൂക്ഷിക്കാന്‍ 
സംഭരണികള്‍ 
തികയാതെ വരുമ്പോള്‍ 
തുറന്നു വിടുന്നു.

അറിവില്ലാത്ത 
നാളെകളുടെ 
ഉണര്‍ത്തുപാട്ട്
നിന്‍റെ വിദൂരസ്പന്ദനമാണ്.

വഞ്ചി തുഴഞ്ഞു 
എത്തിപ്പെടാവുന്ന 
ദ്വീപുകള്‍ 
എന്‍റെ നോട്ടത്തിനപ്പുറവും 

നീ-
എന്‍റെ ഉള്ളിലെ 
തിരയടങ്ങാത്ത കടലാണ് 
ശാന്തതയാണ്.
മുറിവ്.

സമുദ്രം ആയിരം നാവുകൊണ്ട് 
കുടിച്ചു തീര്‍ത്താലും 
തീരാത്ത മുറിവുകളുണ്ട്
മനസ്സില്‍.
ഉപ്പിനംശം കൊണ്ട് 
വടുക്കളാവാത്തവയാണ്
ഏറെയും.
മറവിയുടെ പച്ചമരുന്നുകള്‍ 
തേച്ചു,
മറവിയുടെ കറുപ്പ് തേച്ചു,
മുറിവിന്‍റെ ചുവപ്പ്
മാറ്റുന്നു.

ശ്വാസം നിലക്കുന്നിടത്ത് 
കണ്ണില്‍ തീ 
കത്തിത്തുടങ്ങുന്നിടത്ത് 
വേദന തുടങ്ങുന്നു 
മുറിവിന്‍റെ 
ജന്മവും.

ഇതെന്‍റെ
ഒന്നാം തിരുമുറിവ്.
ചോരയിറ്റ
മുറിവുകള്‍ എനിക്കിദാദ്യം.
വെടിയൊച്ചകള്‍- 
കേള്‍ക്കാതെ, യുദ്ധം 
അവസാനിക്കുന്നു.
പരാജിതന്‍റെ മുറിവുകള്‍ 
ചരിത്രത്തില്‍ 
രേഖപ്പെടുത്താറില്ല,
ഓര്‍മ്മകളിലും.
 വാക്കുകളുടെ അവസാന 
വേഗമാണിത്.
ഇതിനു ശേഷം 
മഹാശരീരിയായ 
മൌനം.

കെട്ടിപ്പിണഞ്ഞു
കിടന്ന കാലമത്രയും 
വേര്‍പാടിന്‍റെ-
തൊണ്ടവരണ്ട 
മരുയാത്രകള്‍ കണ്ടില്ല.

മൌനമാണ് ഞാന്‍.
കാലത്തിന്‍റെ ഗതിവേഗം.
കര്‍ക്കിടകത്തിന്‍റെ 
ദാനം-
മഴയില്‍ നിന്ന് 
ഉപ്പ് ചുവച്ചു.

വേദനയാണ് ഞാന്‍.
ഓര്‍മ്മകളുടെ ശില്പo.
മൊഴികള്‍ക്കും
മൌനതിനുമിടയിലെ
എന്നെ 
മനസ്സിലാക്കാന്‍
കഴിയാത്തത് 
വാക്കുകളിലെ
ബിംബക്കുറവ് കൊണ്ടോ? 

ഒരു തുമ്പപ്പൂ ഉണ്ട്.

ഒരു തുമ്പപ്പൂ ഉണ്ട്
ഹൃദയത്തില്‍.
ആരും തലയില്‍ 
ചൂടാതിരുന്നത്
വിശുദധമായത്.
നൂറ്റൊന്നു പൂര്‍ണചന്ദ്രന്മാര്‍ 
നിലാവില്‍ താരാട്ടിയുറക്കി 
പകല്‍ വെളിച്ചത്തില്‍ 
അരയാലുകള്‍ തണലേകി 
വളര്‍ത്തിയത്‌.

ഒരു തുമ്പപ്പൂ ഉണ്ട് 
എന്‍റെ ദിനങ്ങളില്‍
വിശുദ്ധമായത്.
വെള്ളം നനച്ച്
വാടാതെ, കരിയാതെ 
ഞാന്‍-
കാത്തു സൂക്ഷിച്ചത്.
നഖക്ഷതമേല്‍ക്കാത്തത്.
ഓര്‍മ്മകള്‍,
സ്വപ്‌നങ്ങള്‍, വാക്കുകള്‍ 
ഇവയൊന്നും 
സ്ഖലിക്കാതെ 
ഞാന്‍ സ്വപ്നങ്ങളില്‍ 
വളര്‍ത്തിയത്‌.

ഒരു തുമ്പപ്പൂ ഉണ്ട് 
എന്‍റെ അരികില്‍ 
വിശുദ്ധമായത് 
സ്നേഹത്തിനായി-
കൊതിച്ചത് 
ആരെങ്കിലുമെടുത്ത്-
താലോലിക്കാന്‍,
തലയില്‍ ചൂടാന്‍
കൊതിച്ചത്.

ഒരു തുമ്പപ്പൂ ഉണ്ട്
ഹൃദയത്തില്‍ 
എന്‍റെ ദിനങ്ങളില്‍
എന്‍റെ അരികില്‍ 
വിശുദ്ധമായത്.
കാത്തുസൂക്ഷിച്ചത്
സ്നേഹത്തിനായി 
കൊതിച്ചത് 
പക്ഷെ,
മൌനിയായത്.
പ്രണയഗീതം

രാത്രികള്‍, പകലുകള്‍ 
ഉറക്കം, ഉണര്‍വ് 
എല്ലാറ്റിനും വാടിയ 
പ്രണയത്തിന്‍റെ ഗന്ദം.

പഴകിയ സ്വപ്നങ്ങളുടെ 
ചീഞ്ഞ ജമന്തികളുടെ
ചര്‍ദിലിന്‍റെ-
രൂക്ഷഗന്ധം.

ഞാന്‍ പൂക്കാത്ത 
ഇലഞ്ഞി.
ദാഹജലം നല്‍കാത്ത 
പകല്‍ 
നപുംസകവിത്ത്.

വിരല്‍ കൊണ്ട് നിന്‍റെ-
മുരിവുണര്‍ന്നു 
രക്തമിറ്റ രാത്രികളില്‍ 
സ്വപ്നങ്ങളുടെ- 
കറുപ്പ് ഞാന്‍.
അലയടിക്കാത്ത കടല്‍ 
സൂര്യന്‍റെ പകല്‍.
രാത്രിയുടെ ചന്ദ്രന്‍ 
ദിശതെറ്റിയ കല്ല്‌-
നിന്‍റെ പ്രണയം 
ഏറു കൊണ്ട് പൊട്ടി-
യാതെന്‍റെ മുത്തുച്ചിപ്പി. 

വഴി തെറ്റിയ 
യാത്രികന്‍ ഞാന്‍.
വാല് പൊട്ടിയ പട്ടം.
ലക്ഷ്യം തെറ്റിയ- 
തിര.

രക്തത്തില്‍ 
ലഹരി, വിഷം.

നിന്‍റെ മുറിവുണര്‍-
ത്തിയവന്‍റെ 
കുഞ്ഞിനു നീയമ്മ.

ഞാന്‍ 
ഇരുട്ടില പകല്‍ 
കൊഴിഞ്ഞ ഇല,
സന്ദ്യയുടെ 
കരിന്തിരി.
നിന്‍റെ ചെമപ്പില്‍
തൊടാത്ത പൌരുഷം.

പൂര്‍ണ്ണനല്ല ഞാന്‍
ദാഹമിനിയും 
ഉണരേണ്ടതുണ്ട്.
മരിച്ച തുമ്പികളെക്കൊണ്ട് 
ഉണങ്ങിയ 
ചിത്രശലഭചിറകുകള്‍ കൊണ്ട് 
ഓര്‍മകളെ 
അലങ്കരിക്കുകയാണ് ഞാന്‍. 
പറയാന്‍ മറന്ന 
മടിച്ച, വാക്കിനപ്പുറം
ജീവിതമെന്ന 
സ്പടികപാത്രം നിലത്തുടഞ്ഞു
വീണ നിമിഷങ്ങളില്‍ 
നിഴലായി, തണലായി 
നിന്ന ഓര്‍മ്മകള്‍ 
പെറുക്കിയെടുത്തു 
മഴവില്ലിനവസാനം-
എഴുതുന്നു.

മുറിവുകളുണങ്ങി 
വടുക്കളാവുന്നിടത്ത് നിന്ന് 
ജീവിതത്തിനാദ്യം തേടി,
ചുവന്ന സന്ദ്യയില്‍ 
ഒരുമിച്ച നമ്മുടെ നിഴലുകള്‍ 
വേര്പെട്ടതിനെ തേടി.

തോരണങ്ങള്‍ കൊണ്ട് 
അലങ്കരിച്ച 
നിമിഷങ്ങള്‍ക്കവസാനം
തേടി,
നിര നിറയ്ക്കാന്‍ 
അവസാന തുമ്പിയെ 
ഉണങ്ങിയ 
ചിത്രശലഭച്ചിറകുകള്‍ തേടി 
ഓര്‍മകളുടെ ശവപ്പറമ്പിലേക്ക്.